ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫായിരുന്നെന്നു മുന്‍ സിഐഎ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ജോണ്‍ കിരിയാക്കോ എന്ന മുന്‍ സിഐഎ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 2002ല്‍ താന്‍ പാകിസ്താനില്‍ ജോലി ചെയ്യുന്ന സമയത്ത് പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഷറഫുമായി ആഴ്ചയില്‍ പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന്റെ കാര്യത്തില്‍ മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കാൻ ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. അതേസമയം പാകിസ്ഥാന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാന്‍ യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ സൗദി ഗവണ്മെന്റിന്റെ ഇടപെടല്‍ മൂലം യുഎസ് അതില്‍നിന്ന് പിന്മാറിയെന്നും കിരിയാക്കോ വെളിപ്പെടുത്തി.